ആലപ്പുഴ തകഴിയിൽ കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് എന്ന 55 വയസുകാരൻ ജിവിതത്തിലെ എല്ലാ പ്രതീക്ഷകളുമറ്റ് പ്രാരാബ്ദവും പേറിയാണ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയാണ്. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ ഇതിനോടകം പുറത്തായിട്ടുണ്ട്.
“ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറേ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം” എന്നാണ് ശബ്ദരേഖയിലുള്ളത്.
കുട്ടനാട്ടിൽ കർഷക ആത്മഹത്യ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് തങ്ങൾ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പ്രതികരിച്ചു. നെല്ല് സംഭരിച്ച തുക പിആർഎസ് ലോൺ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോൺ കുടിശ്ശിക കിടക്കുന്നത് കൊണ്ട് വീണ്ടും കൃഷി ചെയ്യാനായി ബാങ്കിനെ സമീപിക്കുമ്പോൾ അവർക്ക് ലോൺ കിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകർക്ക് വീണ്ടും കൃഷി ചെയ്യാൻ സാധിക്കില്ല. ഇത് തന്നെയാണ് പ്രസാദിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രസാദ് നിസഹായനായി, വായ്പ കിട്ടാതെ വന്നപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെയായി ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.













Discussion about this post